Kerala
കൊച്ചി: സംസ്ഥാന ബജറ്റില്‍ കൊച്ചി മെട്രോയ്ക്ക് 79 കോടി രൂപ നീക്കിവച്ചു. മെട്രോയുടെ രണ്ടാം ഘട്ടത്തിനായാണ് 79 കോടി രൂപ മാറ്റിവച്ചിരിക്കുന്നത്. മെട്രോയുടെ രണ്ടാം ഘട്ടത്തിലെ ആദ്യ സ്ട്രെച്ചിന്റെ നിര്‍മാണം ജൂണ്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. പൈലിംഗ് പ്രവൃത്തികള്‍ ഏകദേശം അവസാനഘട്ടത്തിലേക്ക് എത്തി.
പാലാരിവട്ടം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. പാലാരിവട്ടം, ആലിന്‍ചുവട്, വാഴക്കാല, പടമുകള്‍, എയര്‍പോര്‍ട്ട്- സീപോര്‍ട്ട് റോഡ്, ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ്വേ എന്നിവിടങ്ങളിലെല്ലാം തൂണുകളില്‍ ഗര്‍ഡറുകള്‍ ഘടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ആകെ 60 യു ഗര്‍ഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
189 തൂണുകളാണ് ഇതിനകം ഉയര്‍ന്നത്. ഇതില്‍ 84 പിയര്‍ ക്യാപുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 1,532 പൈലുകളുടെ നിര്‍മാണം കഴിഞ്ഞു. ഡിസംബര്‍ അവസാനത്തോടെ മെട്രോ രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ആലുവയില്‍നിന്ന് കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള മൂന്നാം ഘട്ടത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
District News
കൊച്ചി: കൊച്ചി മെട്രോയിലേക്കും വാട്ടര്‍ മെട്രോയിലേക്കും ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച മെട്രോ ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വീസ് ഒരു വയസ് പൂര്‍ത്തിയാകുമ്പോള്‍, സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 14 ലക്ഷം പിന്നിട്ടു.
മികച്ച സേവനം, സുഖകരമായ യാത്രാനുഭവം, സുരക്ഷിതത്വം എന്നിവയിലൂടെ മികച്ച ബദല്‍ റോഡ് ഗതാഗത ശൃംഖലയായി വളരുകയാണ് ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വീസ്.
2025 ജനുവരി 15നാണ് അര്‍ബന്‍ ഫീഡര്‍ ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തത്. മെട്രോ റെയിലും വാട്ടര്‍ മെട്രോയിലും വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് വീടുകളിലേക്കും മറ്റും പോകുന്നതിനുള്ള കണക്ടിവിറ്റി സര്‍വീസായാണ് പദ്ധതി ആരംഭിച്ചത്. ആദ്യ വര്‍ഷം തന്നെ ആറു പ്രധാന റൂട്ടുകളിലായി സര്‍വീസ് വ്യാപിപ്പിക്കുകയും 15 ഇലക്ട്രിക് ബസുകള്‍, ഏഴ് ചാര്‍ജിംഗ് യൂണിറ്റുകള്‍, ഒരു ഡിപ്പോ എന്നിവയടങ്ങിയ സംവിധാനമായി ഫീഡര്‍ ബസ് സര്‍വീസ് വളരുകയും ചെയ്തു.
പ്രതിദിനം ശരാശരി 2,300 കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന ഈ സംവിധാനം ഒരു വര്‍ഷത്തിനുള്ളില്‍ ഏകദേശം ഏഴ് ലക്ഷം കിലോമീറ്റര്‍ പിന്നിട്ടു. ഈ കാലയളവില്‍ 14 ലക്ഷം യാത്രക്കാരാണ് ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വീസിന്റെ ഗുണഭോക്താക്കളായത്. ആലുവ-എയര്‍പോര്‍ട്ട് റൂട്ട്, മെഡിക്കല്‍ കോളജ്, കടവന്ത്ര - പനമ്പിള്ളിനഗര്‍, ഹൈക്കോര്‍ട്ട് സര്‍ക്കുലര്‍ റൂട്ടുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
കൊച്ചി മെട്രോ റെയിലിന്റെയും വാട്ടര്‍ മെട്രോയുടെയും യാത്രക്കാരുടെയും വരുമാനത്തിന്റെയും വര്‍ധനയിലും ഫീഡര്‍ സര്‍വീസ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
Kerala
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ യാത്രാ സംവിധാനമായ കൊച്ചി മെട്രോ ട്രെയിൻ, ഇലക്ട്രിക് ഫീഡർ ബസ്, കൊച്ചി വാട്ടർ മെട്രോ എന്നിവയിൽ പുതുവർഷത്തലേന്നും പുലർച്ചയിലും സഞ്ചരിച്ചത് 1,61,683 പേർ.
സുരക്ഷിതവും കൃത്യതയുമാർന്ന മെട്രോ സേവനം പുതുവർഷാഘോഷത്തിരക്ക് ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യാൻ ജില്ലാ ഭരണകൂടത്തിനും പോലീസിനും ഏറെ സഹായകവുമായി. പുലർച്ചെ രണ്ടു വരെ സർവീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനിൽ 1,39,766 പേരാണ് യാത്ര ചെയ്തത്.
പുലർച്ചെ നാലു വരെ സർവീസ് നടത്തിയ ഇലക്ട്രിക് ഫീഡർ ബസിൽ 6817 പേരും വാട്ടർ മെട്രോയിൽ 15,000 പേരും യാത്ര ചെയ്ത് റിക്കാർഡ് നേട്ടമാണ് മെട്രോ കൈവരിച്ചത്. ഡിസംബർ 31ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ ട്രെയിൻ റിക്കാർഡ് സൃഷ്ടിച്ചു.
District News
കൊച്ചി: ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. ആദ്യ ഗര്‍ഡര്‍ ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് വേയിലെ 284, 285 പില്ലറുകള്‍ക്കു മുകളില്‍ ഇന്നലെ പുലര്‍ച്ചെ സ്ഥാപിച്ചു.
കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ നിര്‍മിച്ച 170 ടണ്‍ ഭാരമുള്ള യു ഗര്‍ഡര്‍ മള്‍ട്ടി ആക്സില്‍ ട്രെയിലര്‍ ഉപയോഗിച്ച് പദ്ധതി സ്ഥലത്ത് കൊണ്ടുവന്ന് ഹെവി ഡ്യൂട്ടിക്രെയിന് ഉപയോഗിച്ച് ഉയര്‍ത്തിയാണ് തൂണുകളിലെ പിയര്‍ ക്യാപ്പില്‍ ഉറപ്പിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ്വേ പാതയിലുള്ള തൂണുകളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടരും. ഇതേവരെ സെസ്, ആലിന്‍ചുവട്, വാഴക്കാല സ്റ്റേഷനുകളുടെ സമീപമായി 65 തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 18 തൂണുകളില്‍ പിയര്‍ ക്യാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
മെട്രോപാതയ്ക്കുള്ള 875 പൈലുകളും സ്റ്റേഷനുകള്‍ക്കുള്ള 260 പൈലുകളും ഉള്‍പ്പെടെ മൊത്തം 1135 പൈലുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. കളമശേരിയിലെ കാസ്റ്റിംഗ് യാര്‍ഡില്‍ ഗര്‍ഡറുകളുടെയും പിയര്‍ ക്യാപുകളുടെയും നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 100 യു ഗര്‍ഡറുകളുടെയും 72 ഐ ഗര്‍ഡറുകളുടെയും 100 പിയര്‍ ക്യാപുകളുടെയും നിര്‍മാണം ഇതേവരെ പൂര്‍ത്തിയായിട്ടുണ്ട്. വൈഡക്ട് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ട്രാക്ക് നിര്‍മാണത്തിനുള്ള ടെൻഡറിംഗ് നടപടികളും പുരോഗമിക്കുകയാണ്.
Kerala
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിംഗ്ടണ്‍ ഐലന്‍ഡ് ടെര്‍മിനലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. ഇതോടെ വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ എണ്ണം 12 ആയി.
മട്ടാഞ്ചേരി ടെര്‍മിനലിലായിരുന്നു ചടങ്ങ്. ലോക ശ്രദ്ധ ആകര്‍ഷിച്ചതാണ് വാട്ടര്‍ മെട്രോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2023ലാണ് വാട്ടര്‍മെട്രോ ഉദ്ഘാടനം ചെയ്യുന്നത്. അടിസ്ഥാന സൗകര്യ വികസന രംഗത്ത് കേരളത്തിന്റെ നിര്‍ണായകമായ ചുവടുവയ്പ്പാണ് വാട്ടര്‍ മെട്രോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
2024 ആയപ്പോള്‍ അഞ്ച് ടെര്‍മിനല്‍ കൂടി ഉദ്ഘാടനം ചെയ്തു. ഈ മേഖലയുടെ മുഖച്ഛായ വലിയ തോതില്‍ മാറുന്നതിന് പുതിയ ടെര്‍മിനലുകള്‍ സഹായിക്കും. ജനങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമാകും.
കൊച്ചി നഗരത്തിനും പ്രസ്തുത പ്രദേശങ്ങള്‍ക്കുമിടയിലുള്ള ഗതാഗതം കൂടുതല്‍ സുഗമമാക്കാന്‍ ഇത് ഉപകരിക്കും. നാട് പല കാര്യങ്ങളിലും രാജ്യത്തുതന്നെ മുന്നിട്ടുനില്‍ക്കുകയാണ്. ആരോഗ്യരംഗം, വിദ്യാഭ്യാസ രംഗം, ദാരിദ്ര്യ നിര്‍മാര്‍ജനം ഇവിടെയെല്ലാം ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങളും നേട്ടങ്ങളും രാജ്യം തന്നെ പ്രത്യേകതയോടെ കാണുന്നതാണ്. ഇത്തരത്തില്‍ അനേകം കാര്യങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. അതില്‍ ഒന്നാണ് വാട്ടര്‍ മെട്രോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
കൊച്ചി: മെട്രോ പില്ലറില്‍ ബെക്കിടിച്ച് കയറിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂര്‍ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ വൈറ്റിലയ്ക്ക് അടുത്ത് ചമ്പക്കരയില്‍ വച്ചാണ് അപകടം. ഒരു ഇരുവരുടെയും മൃതദേഹം വെല്‍കെയര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
District News
കൊച്ചി: എറണാകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിനും യുവതിക്കും ഗുരുതര പരിക്ക്. വൈറ്റില- തൃപ്പൂണിത്തുറ റൂട്ടിൽ ചന്പക്കര മാർക്കറ്റിന് സമീപമാണ് അപകടം നടന്നത്.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. തുടർന്ന് നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അപകടത്തിൽപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വൈറ്റില ഭാഗത്ത് നിന്ന് വന്ന ബൈക്ക് ചമ്പക്കര പാലത്തിന്റെ ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലർ സി.പി. 953ൽ ഇടിയ്ക്കുകയായിരുന്നു. കുട്ടനാട് രജിസ്ട്രേഷനനിലുള്ള ബൈക്ക് ആണ് അപകടത്തിൽപെട്ടത്.